ലഖ്നൗ: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് പ്രതിയായ ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് വെന്റിലേറ്ററില്‍ തുടരുകയാണ്.
ശരീരമാസകലം ഗുരുതരമായി പരുക്കേറ്റിട്ടുള്ള പെണ്‍കുട്ടിയുടെ നില വഷളായി കൊണ്ടിരിക്കുകയാണെന്നും അടുത്ത 48 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വാരിയെല്ലും തുടയെല്ലുകളും പൊട്ടിയിട്ടുണ്ട്. നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നിരവധി കുഴലുകളുടെ സഹായത്തോടെയാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നും ശ്വാസകോശത്തിലെ പരുക്കുകളാണ് സ്ഥിതി വഷളാക്കുന്നതെന്നും മെഡിക്കല്‍ സംഘം കൂട്ടിച്ചേര്‍ത്തു.
ബന്ധുവിനെ കാണുന്നതിനായി റായ്ബറേലിയിലെ ജില്ലാ ജയിലിലേക്കു പോകുന്നതിനിടെയാണ് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നമ്പര്‍ പ്ലേറ്റ് മറച്ച ട്രക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട കുല്‍ദീപ് സിങ് സെന്‍ഗാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലിലാണ്.